റഷ്യ-ഉക്രൈൻ യുദ്ധം; ആശങ്കയായി സാപൊറീഷ്യ നിലയം
റഷ്യ: റഷ്യ പിൻമാറാനോ ഉക്രൈൻ കീഴടങ്ങാനോ തയ്യാറാവാത്തതിനാൽ യുദ്ധം തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടയിലാണ് യുദ്ധഭൂമിയിൽ നിന്ന് നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നത്. ഉക്രൈനിൽ സ്ഥിതി ചെയ്യുന്ന സാപൊറീഷ്യ ആണവ നിലയത്തിൽ ഷെല്ലാക്രമണം നടന്നതായാണ് വാർത്ത. ഇത് ഉക്രൈനെ മാത്രമല്ല, മേഖലയിലെ എല്ലാ യൂറോപ്യൻ രാജ്യങ്ങളെയും ബാധിക്കുന്ന ഒരു ആശങ്കയാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള വിദഗ്ദ്ധർക്ക് സ്റ്റേഷനിൽ എത്താൻ കഴിഞ്ഞിട്ടില്ല.
ഉക്രൈനിലെ ഡിനിപ്രോ നദിയുടെ തീരത്താണ് ഈ പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് റഷ്യ പ്ലാന്‍റിന്‍റെ നിയന്ത്രണം ഏറ്റെടുത്തത്. എന്നാൽ ഇപ്പോഴും ഉക്രൈനിൽ നിന്നുള്ള ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. സ്റ്റേഷനു സമീപം മുമ്പും ഷെല്ലാക്രമണം നടന്നിട്ടുണ്ട്. ഉക്രൈനും റഷ്യയും ഇക്കാര്യത്തിൽ പരസ്പരം ആരോപണമുന്നയിച്ചിട്ടുണ്ട്. ആറ് റിയാക്ടറുകളുള്ള ഒരു വലിയ ആണവ നിലയമാണ് സാപൊറീഷ്യ. ഷെല്ലാക്രമണത്തിൽ സാപൊറീഷ്യയിലെ രണ്ട് കെട്ടിടങ്ങൾക്കും കേടുപാടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾ, റിപ്പയർ ഷോപ്പുകൾ, പൈപ്പ് ലൈനുകൾ മുതലായവ ഉൾപ്പെടുന്നതാണ് പ്ലാന്‍റ്. ആണവ വികിരണമോ ഹൈഡ്രജൻ ചോർച്ചയോ ഇപ്പോൾ പ്ലാന്‍റിന് സമീപം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വിദഗ്ധർ പറയുന്നു.