റഷ്യൻ ആക്രമണം; തളരാതെ യുക്രൈന്‍ ജനത
കീവ് (യുക്രൈന്‍): റഷ്യൻ അധിനിവേശത്തെത്തുടർന്ന് വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെട്ടിട്ടും തളരാതെ യുക്രൈനിലെ ജനങ്ങൾ. തലസ്ഥാനമായ കീവിലെ റെസ്റ്റോറന്‍റുകളിൽ മെഴുകുതിരി വെളിച്ചത്തിൽ ഭക്ഷണം കഴിച്ച് അവർ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സൗഹൃദം പങ്കിട്ടു. “നോക്കൂ മെഴുകുതിരി വെളിച്ചത്തില്‍ ഞങ്ങളുടെ കുട്ടികള്‍ ഓടി നടക്കുന്നു,. മുതിര്‍ന്നവര്‍ പരസ്പരം തമാശ പറഞ്ഞു ചിരിക്കുന്നു. ഒരു യുദ്ധത്തിനും ഞങ്ങളെ തോല്‍പ്പിക്കാനാവില്ല, ഏതു പ്രതിസന്ധിയേയും തരണം ചെയ്യും” അവർ പറഞ്ഞു.
റഷ്യൻ വ്യോമാക്രമണം യുക്രൈനിൽ കടുത്ത വൈദ്യുതി മുടക്കത്തിന് കാരണമായി. വ്യോമാക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അതേസമയം, കീവിലെ ഒരു റെസ്റ്റോറന്‍റ് സംഘടിപ്പിച്ച പ്രതിഷേധം ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. വൈദ്യുതി നിലച്ചപ്പോൾ അവർ മേശപ്പുറത്ത് മെഴുകുതിരികൾ കത്തിക്കുകയും ഭക്ഷണം വിളമ്പുകയും ചെയ്തു. മെഴുകുതിരിയുടെ വെളിച്ചത്തിൽ ആളുകൾ ഭക്ഷണം ആസ്വദിച്ചു. റഷ്യയിൽ നിന്നുള്ള ഓരോ തിരിച്ചടിയും തങ്ങളെ കൂടുതൽ ശക്തരാക്കുകയാണെന്ന് അവർ പറഞ്ഞു.
യുക്രൈനിലെ 30 ശതമാനം വൈദ്യുതി നിലയങ്ങളും റഷ്യൻ വ്യോമാക്രമണത്തിൽ നശിച്ചു. ഇതോടെ വൈദ്യുതി ക്ഷാമം രൂക്ഷമാണ്. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. എല്ലാ ഇലക്ട്രിക് വാഹനങ്ങളും സര്‍വീസ് നിര്‍ത്തി വെച്ചു.