ഒരേ പുസ്തകം 56 ഭാഷകളിൽ; വായനയിൽ റെക്കോർഡിട്ട് ‘മിയ’

ദോഹ: മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (എംഐഎ) ഏറ്റവും കൂടുതൽ ഭാഷകളിൽ ഒരേ പുസ്തകം വായിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ആന്‍റൺ ഡേ സെയ്ന്റ് എക്സ്പെരിയുടെ 7 അധ്യായങ്ങളുള്ള ‘ദി ലിറ്റിൽ പ്രിൻസ്’ എന്ന പുസ്തകം 56 വ്യത്യസ്ത ഭാഷകളിലായി 150 പേർ വായിച്ചാണ് റെക്കോർഡ് നേടിയത്.

ഓരോ ഭാഷയും ഖത്തറിലെ അതത് കമ്യൂണിറ്റികളിൽ നിന്നുള്ള ആളുകളാണ് വായിച്ചത്. അറബിക് ആംഗ്യഭാഷ ഉൾപ്പെടെ 55 ഭാഷകളിൽ വായന. പങ്കെടുത്ത 150 പേരും രാജ്യത്തിന്‍റെ പരമ്പരാഗത വസ്ത്രം ധരിച്ചാണ് എത്തിയത്. 2 മണിക്കൂർ കൊണ്ട് വായന പൂർത്തിയാക്കി. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ ബുധനാഴ്ച രാത്രി നടന്ന ചടങ്ങിലാണ് ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്.

റെക്കോർഡ് ശ്രമത്തിന് മുമ്പ് പുസ്തകം എഴുതിയ അന്റിയോണിന്റെ പേരിലുള്ള യൂത്ത് ഫൗണ്ടേഷന്റെ സെക്രട്ടറി ഒലിവിയർ ഡി അഗെ ഹ്രസ്വ വീഡിയോയിലൂടെ വായനക്കാരെ അഭിനന്ദിച്ചു.