താന്‍ ക്ഷീണിതനാവാത്തതിന്റെ രഹസ്യം ദിവസേന ഉള്ളിലാക്കുന്ന ‘2-3 കിലോ അധിക്ഷേപ’മെന്ന് മോദി

ന്യൂഡല്‍ഹി: ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയുടെയും രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെയും അടിസ്ഥാനത്തിലായിരുന്നു മോദിയുടെ വിമർശനം. കുടുംബത്തിന് മുൻഗണന നൽകുന്ന ഒരു സർക്കാരല്ല സംസ്ഥാനത്തിന് വേണ്ടതെന്നും ജനങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാരാണ് സംസ്ഥാനത്തിന് വേണ്ടതെന്നും കെസിആറിന്‍റെ പേര് പരാമർശിക്കാതെ മോദി പറഞ്ഞു. സംസ്ഥാനത്ത് പുതിയ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ തെലങ്കാന സന്ദർശിച്ച പ്രധാനമന്ത്രി ഒരു പാർട്ടി പരിപാടിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

ഇത്രയും കഠിനാധ്വാനം ചെയ്തിട്ടും എന്തുകൊണ്ടാണ് ക്ഷീണിക്കാത്തതെന്ന് പലരും എന്നോട് ചോദിക്കുന്നുണ്ടെന്നും ദിവസവും രണ്ടോ മൂന്നോ കിലോ അധിക്ഷേപം കഴിക്കുന്നതിനാൽ എനിക്ക് ക്ഷീണം തോന്നുന്നില്ലെന്നും മോദി പറഞ്ഞു. മറ്റുള്ളവർ എന്‍റെ മേൽ ചൊരിയുന്ന ദുഷിച്ച വാക്കുകളെ എനിക്ക് ആവശ്യമായ പോഷകങ്ങളാക്കി മാറ്റാനുള്ള അനുഗ്രഹം ദൈവം എനിക്ക് നൽകിയിട്ടുണ്ടെന്നും മോദി പറഞ്ഞു. മോദിയെ പഴി പറഞ്ഞോളൂ, ബിജെപിയെ പഴിച്ചോളൂ, പക്ഷേ തെലങ്കാനയിലെ ജനങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ നിങ്ങൾക്ക് വലിയ വില നൽകേണ്ടി വരും, മോദി പറഞ്ഞു.

നിരാശ, ഭയം, അന്ധവിശ്വാസം എന്നിവ കാരണം ചിലർ മോദിയെ അവഹേളിക്കും. എന്നാൽ അത്തരം വികാരങ്ങൾക്ക് ഇരയാകരുതെന്ന് മാത്രമാണ് ഞാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നത്, മോദി പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങൾ മറച്ചുവയ്ക്കുകയാണ് തെലങ്കാന സർക്കാരെന്ന് മോദി കുറ്റപ്പെടുത്തി.