സിൽവർ ലൈൻ വിഷയം; മുഖ്യമന്ത്രി കള്ളം പറഞ്ഞെന്ന് മുരളീധരൻ, കത്തുകള്‍ പുറത്ത് വിട്ടു

ന്യൂഡല്‍ഹി: സിൽവർ ലൈൻ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ നുണ പറഞ്ഞെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം കൃത്യമായ ആശയവിനിമയം നടത്തിയെന്നും ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിൽ മറച്ചുവച്ചുവെന്നും മുരളീധരൻ ആരോപിച്ചു.

2021 ഒക്ടോബർ മുതൽ റെയിൽവേ സംസ്ഥാന സർക്കാരിന് നിരവധി കത്തുകൾ അയച്ചിട്ടുണ്ട്. എന്നാൽ അവയ്‌ക്കൊന്നും സർക്കാർ മറുപടി നൽകുന്നില്ല. ഡി.പി.ആർ അപൂർണ്ണമാണെന്ന് സർക്കാരിനെ അറിയിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഇത് വ്യക്തമാക്കുന്ന കത്തുകളും അദ്ദേഹം പുറത്ത് വിട്ടു.

സിൽവർ ലൈനിനെച്ചൊല്ലി കേരളവും കേന്ദ്രവും തമ്മിലുള്ള തർക്കം തുടരുകയാണ്. ഡി.പി.ആർ പൂര്‍ണമല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞു. ഇതിന് മറുപടിയായാണ് സർക്കാരിന് നൽകിയ കത്തുകളുമായി വി മുരളീധരൻ രംഗത്തെത്തിയത്.