സോളാർ കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ ഇനി നിയമനടപടിക്കില്ലെന്ന് പരാതിക്കാരി

തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തുടർ നിയമനടപടിക്കില്ലെന്ന് വ്യക്തമാക്കി പരാതിക്കാരി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മറ്റുള്ളവരുടെ കാര്യത്തിൽ സി.ബി.ഐ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.

സോളാർ പീഡനക്കേസിൽ ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഉത്തരമേഖലാ എ.ഡി.ജി.പിയായിരുന്ന രാജേഷ് ധിവാന്‍റെ നേതൃത്വത്തിൽ ഐ.ജി ദിനേന്ദ്ര കശ്യപാണ് അന്വേഷണം നടത്തിയത്. കേസ് ഏറ്റെടുക്കാൻ വിമുഖത കാട്ടിയ സംഘം നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സർക്കാരിന് കത്തും നൽകിയിരുന്നു.

ഒടുവിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ അനിൽകാന്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറി. എന്നാൽ തെളിവ് നൽകാതെയും മൊഴി നൽകുന്നതിൽ നിന്നും പരാതിക്കാരി ഒഴിഞ്ഞുമാറി. ഒടുവിൽ, മൂന്ന് വർഷം കൊണ്ട് രഹസ്യമൊഴികൾ എടുക്കുകയും അന്വേഷിക്കുകയും ചെയ്തു. തെളിവില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാൽ റിപ്പോർട്ട് സമർപ്പിക്കാൻ അനുമതി നൽകിയില്ല. അങ്ങനെ അന്വേഷണം സി.ബി.ഐക്ക് കൈമാറി. സി.ബി.ഐക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.