അവിഹിതം മകന്‍ അറിഞ്ഞു; 15-കാരനെ കൈകള്‍ അറുത്ത് കൊലപ്പെടുത്തി പിതാവ്

ഭോപ്പാല്‍: ബന്ധുവുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് 15 വയസുള്ള മകനെ പിതാവ് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബറോത്ത പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 45 കാരനാണ് മകൻ്റെ കൈകൾ അറുത്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പ്രതിയെയും ഇയാളുമായി ബന്ധമുള്ള സ്ത്രീയെയും അറസ്റ്റ് ചെയ്തതായും 15കാരന്‍റെ മുറിച്ച കൈകൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. 35 കാരിയായ ബന്ധുവുമായി കഴിഞ്ഞ അഞ്ച് വർഷമായി 45 കാരനായ ഇയാൾക്ക് രഹസ്യ ബന്ധമുണ്ടായിരുന്നു. തിങ്കളാഴ്ച ആൺകുട്ടി ഇരുവരെയും കാണാൻ പാടില്ലാത്ത വിധത്തിൽ കണ്ടു. തന്‍റെ രഹസ്യ ബന്ധം പുറത്തുവരുമെന്ന് ഭയന്നാണ് പ്രതി മകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

അരിവാൾ ഉപയോഗിച്ച് കൈകൾ വെട്ടിമാറ്റിയ ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വെട്ടി മാറ്റിയ കൈകൾ പിന്നീട് 400 അടി താഴ്ചയുള്ള കുഴൽക്കിണർ കുഴിയിൽ വലിച്ചെറിയുകയും മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു.