തെക്കും വടക്കും ഒന്നാണ്; സച്ചിൻദേവുമായുള്ള ചിത്രം പങ്കുവച്ച് ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ വിവാദ പരാമർശത്തോടെ ആരംഭിച്ച തെക്ക്- വടക്ക് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി മേയർ ആര്യ രാജേന്ദ്രൻ. “തെക്കും വടക്കും ഒന്നാണെന്ന” അടിക്കുറിപ്പോടെയാണ് ആര്യ ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചത്.

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കെ സുധാകരൻ വിവാദ പരാമർശം നടത്തിയത്. തെക്കന്‍കേരളത്തിന് മുകളിലൂടെ പോയപ്പോള്‍ ലക്ഷ്മണന് അധമചിന്തയുണ്ടായെന്നും എന്നാൽ അത് ആ പ്രദേശത്തിന്റെ കുഴപ്പമാണെന്ന് രാമന്‍ അഭിപ്രായപ്പെട്ടുവെന്നുമാണ് തെക്കന്‍ കേരളത്തിലെയും മലബാറിലെയും നേതാക്കളെ താരതമ്യപ്പെടുത്തി സുധാകരന്‍ പറഞ്ഞത്.

ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ അഭിമുഖം വിവാദമായതോടെ സുധാകരൻ പറഞ്ഞത് പിൻവലിച്ചു. കുട്ടിക്കാലത്ത് കേട്ടതും മലബാറില്‍ പ്രചാരത്തിലുള്ളതുമായ ഒരു കഥയാണ് താൻ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.