നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും. ഗവർണർ-സർക്കാർ ഏറ്റുമുട്ടലിന്‍റെ അസാധാരണമായ സാഹചര്യത്തിലാണ് നിയമസഭ സമ്മേളിക്കുന്നത്. നേരത്തെ ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ബില്ലുകൾ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതിനെ തുടർന്ന് അസാധുവായിരുന്നു. ഈ സാഹചര്യത്തിലാണ് നിയമനിർമ്മാണത്തിനായി 10 ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്.

ഇപ്പോൾ തയ്യാറാക്കിയ പട്ടികയിൽ ഇല്ലെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുക, സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുക തുടങ്ങിയ നിയമഭേദഗതികൾ നിയമസഭയിലെത്താനാണ് സാധ്യത. സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ സർക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

അതേസമയം പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള കടുത്ത ഏറ്റുമുട്ടലിനും നിയമസഭാ സമ്മേളനം സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്. ലോകായുക്ത നിയമഭേദഗതിയെച്ചൊല്ലി എൽ.ഡി.എഫിൽ ഭിന്നതയുണ്ട്. സി.പി.ഐയുമായി സി.പി.എം നടത്തിയ ഉഭയകക്ഷി ചർച്ചയിൽ സമവായ തീരുമാനം കണ്ടെത്താനായില്ല. സി.പി.ഐ ജില്ലാ സമ്മേളനങ്ങളിലടക്കം സർക്കാർ നിലപാടിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

നേരത്തെയുള്ള കണക്ക് കൂട്ടൽ പ്രകാരം ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സഭ സമ്മേളിക്കേണ്ടിയിരുന്നത്. എന്നാൽ, അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് നിയമസഭാ സമ്മേളനം നേരത്തെ ആക്കി. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സമ്മേളനമായിരിക്കും ഇന്നത്തെ ആദ്യ ദിനം. ഇന്ന് മറ്റ് നടപടിക്രമങ്ങളൊന്നും ഉണ്ടാകില്ല.