കോവിഡ് വ്യാപനം; വിമാന സർവീസുകൾ നിയന്ത്രിക്കണമെന്ന് എംപിമാർ, അടിയന്തര യോഗം ഇന്ന്

ന്യൂഡൽഹി: ചൈന, യുഎസ്, ജപ്പാൻ എന്നിവിടങ്ങളുൾപ്പെടെ കോവിഡ് -19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി എംപിമാർ. രോഗം രൂക്ഷമായ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം.

അതേസമയം, രാജ്യത്ത് കോവിഡ് -19 ന്‍റെ വ്യാപനവും പ്രതിരോധ നടപടികളും വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. നിലവിലെ സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ജനിതക സീക്വൻസിംഗിനായി സാമ്പിളുകൾ അയയ്ക്കാനും കോവിഡ് വകഭേദങ്ങൾ തിരിച്ചറിയാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 112 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച 181 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 3,490 പേർ ചികിത്സയിലുണ്ട്. രണ്ടെണ്ണം കേരളത്തിലും ഒരെണ്ണം മഹാരാഷ്ട്രയിലുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5,30,677 ആയി.