ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും; സഞ്ജു കളിച്ചേക്കും

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർ ഏകദിന ടീമിൽ തിരിച്ചെത്തും. എന്നാൽ ഇവരെ ടി20 ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ല. ഹർദിക് പാണ്ഡ്യയായിരിക്കും ടി20 ടീമിന്‍റെ ക്യാപ്റ്റനെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിരാട് കോഹ്ലിയും കെഎൽ രാഹുലും ടി20 പരമ്പരയിൽ കളിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ടി20യിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന റിഷഭ് പന്തിന് പകരം സഞ്ജു സാംസൺ കളിക്കാനാണ് സാധ്യത. സഞ്ജുവിനൊപ്പം ഇഷാൻ കിഷനെയും ബിസിസിഐ പരിഗണിച്ചേക്കും. രോഹിത് ശർമ്മയുടെ പരിക്കിന്‍റെ പൂർണ്ണ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് രോഹിതിന്‍റെ വിരലിന് പരിക്കേറ്റത്. ഫീൽഡിംഗിനിടെ പരിക്കേറ്റെങ്കിലും താൽക്കാലിക ചികിത്സ തേടിയ ശേഷം കളി തുടർന്നു. പരിക്കിനെ തുടർന്ന് മൂന്നാം ഏകദിനത്തിലും, ടെസ്റ്റ് പരമ്പരയിലും രോഹിത് കളിച്ചിരുന്നില്ല.