സംസ്ഥാനത്തിന്റെ പേവിഷ വാക്സിൻ ആവശ്യം മൂന്നിരട്ടി കൂടി; ക്ഷാമം രൂക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പേവിഷബാധയ്ക്കെതിരായ വാക്സിന് ക്ഷാമം രൂക്ഷം. പ്രതിവർഷം ഏകദേശം 65,000 വയൽ വാക്സിൻ ചെലവായിരുന്ന സ്ഥാനത്ത് ഇപ്പൊൾ ആവശ്യം മൂന്നിരട്ടിയായി. 1.75 ലക്ഷമായി ഉയർന്നു. ക്ഷാമം കാരണം കഴിഞ്ഞ മാസം തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന 5,000 കുപ്പി വാക്സിൻ ഒരാഴ്ചയ്ക്കുള്ളിൽ തീർന്നു. രണ്ട് ലക്ഷത്തിലധികം വാക്സിനുകളാണ് ഒരു വർഷം കേരളത്തിൽ ചെലവഴിക്കുന്നത്.
ക്ഷാമം കണക്കിലെടുത്ത് സെൻട്രൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ (സിഡിഎൽ) അന്തിമ റിപ്പോർട്ട് ഇല്ലാതെ കേരളത്തിലെത്തിച്ച ഇക്വിൻ ആന്റി റാബീസ് ഇമ്യൂണോ ഗ്ലോബുലിൻ വാക്സിന്റെ ആദ്യ പകുതി വിതരണം ആരംഭിച്ചു. 25,000 വയൽ വാക്സിനാണ് ഇപ്പോൾ എത്തിയത്. 50,500 വയലുകൾക്കാണ് ഓർഡർ നൽകിയത്. ഫലപ്രാപ്തി പൂർണമായും പരിശോധിച്ച് ബോധ്യപ്പെടാത്ത വാക്സിൻ വിതരണം ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോ എന്ന സംശയങ്ങൾക്കിടയിലും കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ടെൻഡർ നിബന്ധനകളിൽ പോലും ഇളവ് വരുത്തിയാണ് വാക്സിൻ എത്തിച്ചത്.
നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി വാക്സിൻ എത്തിച്ചതെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ജനറൽ മാനേജർ ഡോ. ജോയി പറഞ്ഞു. സി.ഡി.എൽ പരിശോധനയുടെ ആവശ്യമില്ല. ടെൻഡർ വ്യവസ്ഥകളിൽ അത്തരം നിബന്ധനകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് മാത്രമേയുള്ളൂ.