കിമ്മിന്റെ മേല്‍നോട്ടത്തില്‍ നടന്നത് തന്ത്രപ്രധാനമായ ആണവായുധ പരീക്ഷണം

പ്യോംങ്യാംങ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ മേൽനോട്ടത്തിലുള്ള തന്ത്രപ്രധാനമായ ആണവായുധ പരിശീലനമായിരുന്നു ഉത്തരകൊറിയയുടെ സമീപകാല മിസൈൽ പരീക്ഷണങ്ങളെന്ന് രാജ്യത്തിന്‍റെ ഔദ്യോഗിക വാർത്താ ഏജൻസി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ സംയുക്ത സൈനികാഭ്യാസത്തിനുള്ള മറുപടിയാണിതെന്ന് ഉത്തരകൊറിയ പറഞ്ഞു.

സിയോള്‍, ടോക്യോ, വാഷിംങ്ടണ്‍ എന്നിവിടങ്ങളില്‍ നാവികാഭ്യാസങ്ങള്‍ ശക്തിപ്പെടുത്തിയതും യു.എസിന്റെ ആണവശേഷിയുള്ള വിമാനവാഹിനിക്കപ്പല്‍ യു.എസ്.എസ്. റൊണാള്‍ഡ് റീഗനെ ഈ പ്രദേശങ്ങളില്‍ വിന്യസിച്ചതും കിമ്മിനെ പ്രകോപിപ്പിച്ചു. യുദ്ധത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകളായാണ് ഉത്തര കൊറിയ ഈ അഭ്യാസങ്ങളെ കണക്കാക്കുന്നത്. ഇതിന് മറുപടിയായാണ് ഉത്തരകൊറിയ സൈനികാഭ്യാസം നടത്താൻ തീരുമാനിച്ചതെന്ന് കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

ചെറുതും ഭാരം കുറഞ്ഞതുമായ ആണവായുധങ്ങൾ യുദ്ധത്തിനായി വികസിപ്പിക്കണമെന്നത് കിമ്മിന്‍റെ ദീർഘകാലമായുള്ള ആഗ്രഹമാണ്. ഇതായിരുന്നു 2021 ലെ പാർട്ടി കോണ്‍ഗ്രസിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ മാസമാണ് ഉത്തരകൊറിയ ആണവ നിയമങ്ങൾ പരിഷ്കരിച്ചത്. ആണവായുധങ്ങളുടെ ഉപയോഗത്തിനുള്ള രാജ്യത്തിന്‍റെ വലിയ സാധ്യതകളാണ് ഇത് വിഭാവനം ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, കിം ഉത്തരകൊറിയയെ ശക്തമായ ആണവ ശക്തിയായി പ്രഖ്യാപിക്കുകയും ആണവ നിരായുധീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ തടയുകയും ചെയ്തു.