ആളിക്കത്തി സമരം ; പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നതിനിടെ കൗൺസിലർക്ക് പൊള്ളലേറ്റു

പാലക്കാട്: പാലക്കാട് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടെ കത്തിക്കാൻ ശ്രമിച്ച കോലത്തിൽ നിന്ന് തീപിടിച്ച് നഗരസഭാ കൗൺസിലർക്ക് ഗുരുതരമായി പൊള്ളലേറ്റു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഡി.സി.സി. പ്രസിഡന്‍റ് എ. തങ്കപ്പനും മറ്റ് ചില കോൺഗ്രസ് പ്രവർത്തകർക്കും നിസ്സാര പൊള്ളലേറ്റു.

രാഹുൽ ഗാന്ധി എം.പിയെ ഡൽഹിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെയായിരുന്നു പ്രതിഷേധം. പാലക്കാട് നഗരസഭാ കൗൺസിലറും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ പി.എസ്.വിബിനാണ് മുണ്ടിന് തീപിടിച്ച് പൊള്ളലേറ്റത്. 40-ാം വാർഡിലെ കൗൺസിലറായ വിബിന്‍റെ ഇരുകാലുകളുടെയും പിൻഭാഗത്താണ് ഗുരുതരമായി പൊള്ളലേറ്റത്.

സുൽത്താൻപേട്ട് ജംഗ്ഷനിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച സമരം സുൽത്താൻപേട്ട് ജംഗ്ഷനിൽ എത്തിയപ്പോൾ പ്രവർത്തകർ റോഡിൽ കുത്തിയിരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. ഇതോടെയാണ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിക്കാൻ ഓടിയെത്തിയത്. കോലത്തിലേക്ക് പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് കത്തിച്ചപ്പോൾ തീ വിബിന്‍റെയും മറ്റുള്ളവരുടെയും മുണ്ടിലേക്ക് പടർന്നു. തീ പടർന്നെങ്കിലും മുണ്ട് അഴിച്ച് കളയാൻ വിബിൻ വൈകി. മറ്റ് പ്രവർത്തകർ മുണ്ടഴിച്ച് ഓടിരക്ഷപ്പെട്ടതിനാൽ കാര്യമായ പൊള്ളലേറ്റിട്ടില്ല.