വിദ്യാർത്ഥിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റി; തലശ്ശേരി ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി
തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് ആരോപണം. ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്നു. ആശുപത്രിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയിൽ നിന്ന് ശസ്ത്രക്രിയ നടത്താൻ തയ്യാറായതെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ അപ്പോഴേക്കും കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ ലഭിച്ചില്ല.
ഒടിഞ്ഞ കൈ പൂർണമായും മുറിച്ച് മാറ്റണമെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് കൈമുട്ടിന് താഴെയുള്ള ഭാഗം മുറിച്ച് മാറ്റി. സംഭവത്തിൽ സർക്കാർ ആശുപത്രി അധികൃതരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കുട്ടിയുടെ കുടുംബം ആരോഗ്യമന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രിക്കും പരാതി നൽകി.
എന്നാൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുട്ടിയുടെ എല്ലൊടിഞ്ഞ് മൂന്നാം ദിവസം, കൈയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കംപാർട്ട്മെന്‍റ് സിൻഡ്രോം എന്ന അവസ്ഥ ഉണ്ടായി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും നീർവീക്കം മാറേണ്ടിയിരുന്നതിനാൽ കൈ തുന്നിക്കെട്ടിയില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. പത്താം ദിവസമാണ് അണുബാധ കണ്ടെത്തിയത്. രക്തം വാർന്ന് പോവുകയും ചെയ്തു. രക്തം വാർന്നില്ലായിരുന്നെങ്കിൽ കൈ മുറിച്ച് മാറ്റേണ്ടി വരില്ലായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് വിട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു.