വിദ്യാർത്ഥികളെ കയറ്റിയില്ല; പാലക്കാട് 8 സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി
പാലക്കാട്: വിദ്യാർത്ഥികളെ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് എട്ട് സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മണ്ണാർക്കാട് നടത്തിയ പരിശോധനയിലാണ് നടപടി. എൻഫോഴ്സ്മെന്‍റ് ആർടിഒയുടെ നേതൃത്വത്തിലായിരുന്നു നടപടി. ബസുകളുടെ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
വടക്കഞ്ചേരി ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ കർശന വാഹന പരിശോധനയാണ് മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ബസുകളിലെ വേഗപ്പൂട്ടിൽ കൃത്രിമത്വം കണ്ടെത്തിയതിനെ തുടർന്ന് നടപടി സ്വീകരിച്ചിരുന്നു.
നിയമങ്ങൾ ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾ നിരത്തിലിറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് മൃദു സമീപനം ആവശ്യമില്ല. ചട്ടങ്ങൾ ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഡ്രൈവറുടെ ലൈസൻസും ഉടൻ സസ്പെൻഡ് ചെയ്യണമെന്നാണ് ഉത്തരവ്.