നാല് മാസത്തെ നീണ്ട ഇരുട്ടിന് വിട;അന്റാര്‍ട്ടിക്കയില്‍ സൂര്യൻ ഉദിച്ചു

അന്റാർട്ടിക്ക: സൂര്യൻ അസ്തമിക്കാത്ത നാട് എന്നാണ് ബ്രിട്ടീഷ് സാമ്രാജ്യത്തെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. എന്നാൽ സൂര്യൻ ഉദിക്കാത്ത പ്രദേശങ്ങളും ഭൂമിയിലുണ്ട്. അന്‍റാർട്ടിക്കയിൽ, ലോകത്തിന്‍റെ തെക്കേ അറ്റത്ത്, സൂര്യൻ വർഷത്തിൽ എല്ലാ ദിവസവും പ്രത്യക്ഷപ്പെടാറില്ല. നാല് മാസത്തെ ഇരുട്ടിന് ശേഷം, സൂര്യൻ ഇപ്പോൾ അന്‍റാർട്ടിക്കയിൽ ഉദിച്ചുയർന്നു.

അന്‍റാർട്ടിക്കയിൽ സൂര്യൻ ഉദിച്ചതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി ലോകത്തെ അറിയിച്ചു. അന്റാര്‍ട്ടിക്കയില്‍ ഗവേഷണം നടത്തുന്ന 12 ഗവേഷകര്‍ കോണ്‍കോര്‍ഡിയ റിസര്‍ച്ച് സെന്ററില്‍ ഉറക്കമുണര്‍ന്നത് ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കാണെന്ന് യൂറേപ്യന്‍ സ്‌പേസ് ഏജന്‍സി അറിയിച്ചു.

അന്‍റാർട്ടിക്കയിലെ നീണ്ട രാത്രി ഈ വർഷം മെയ് മാസത്തിലാണ് ആരംഭിച്ചത്. അത് നാല് മാസം നീണ്ടുനിന്നു. 24 മണിക്കൂറും ഇരുട്ട് മാത്രം. ബഹിരാകാശ ഗവേഷണത്തിനുള്ള ഏറ്റവും മികച്ച സമയമായാണ് ശാസ്ത്രജ്ഞർ ഈ സമയത്തെ കരുതുന്നത്. തണുപ്പ് കാലമായിട്ടും അന്റാര്‍ട്ടിക്കയില്‍ ഗവേഷകര്‍ പഠനം നടത്തുന്നുണ്ടായിരുന്നു. സൂര്യനുദിച്ചതോടെ ഇതുവരെ ഉണ്ടായിരുന്ന ഗവേഷക സംഘം മടങ്ങി പുതിയ സംഘം ഇവിടേക്ക് എത്തും.