മദനിക്ക് തിരിച്ചടി; സുരക്ഷാ ചെലവിന്റെ കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

കര്‍ണാടക പൊലീസിനെതിരായ ഹര്‍ജിയില്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ കര്‍ണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലേക്ക് വരാന്‍ അനുമതി ലഭിച്ചിട്ടും ഈ പണം അടക്കം മദനിക്ക് വെല്ലുവിളിയായിരുന്നു.

കേരളത്തിലേക്ക് വരാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്. ആ സമയത്ത് തന്നെ കര്‍ണാടക പൊലീസ് സുരക്ഷയൊരുക്കണമെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി വെച്ചിരുന്നു. സുരക്ഷയ്ക്കുള്ള ചെലവ് മദനിയില്‍ നിന്ന് ഈടാക്കാനുമായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് കര്‍ണാടക പൊലീസ് ഒരു സമിതിയെ നിയോഗിച്ച് സുരക്ഷ വിലയിരുത്തി.

അതേസമയം ചെലവ് കണക്കാക്കിയത് സര്‍ക്കാരിന്റെ ചട്ടപ്രകാരമാണ്. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും കുറക്കാന്‍ സാധിക്കില്ല. ഐപിഎസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഉള്ള സംഘം കേരളം സന്ദര്‍ശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയതെന്നും കോടതിയില്‍ അറിയിച്ചു.