പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്‍റ് ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്‍റ് തിങ്കളാഴ്ച ആരംഭിക്കും. ഇതിന്‍റെ ഭാഗമായി ഞായറാഴ്ച അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. താൽക്കാലിക പ്രവേശനത്തിനുള്ള വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമുണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാനത്തേതാണ് മൂന്നാം അലോട്ട്‌മെന്റ്. തിങ്കളാഴ്ച രാവിലെ 10 മുതൽ 24ന് വൈകിട്ട് 5 വരെ പ്രവേശനം നേടാം. അലോട്ട്മെന്‍റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ തേഡ് അലോട്ട്‌മെന്റ് റിസൾട്ട്‌സ് എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്‍റ് ലെറ്ററിൽ പരാമർശിച്ചിട്ടുള്ള ആവശ്യമായ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം. അലോട്ട്മെന്‍റ് ലെറ്റർ സ്കൂളിൽ നിന്ന് പ്രിന്റെടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ഒന്നും രണ്ടും അലോട്ട്മെന്‍റുകളിൽ താൽക്കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്ട്മെന്‍റിൽ ഹയർ ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്‍റ് ലെറ്റർ ആവശ്യമില്ല.

അലോട്ട്മെന്‍റ് ലഭിച്ച എല്ലാവരും ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവരെ സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പരിഗണിക്കില്ല. അതേസമയം, ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പുതിയ അപേക്ഷ സമർപ്പിക്കാം. മുഖ്യ ഘട്ടത്തിൽ നൽകിയ തെറ്റായ വിവരങ്ങൾ മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്‍റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്‍ററിയിൽ അവസരമുണ്ടാകും.