തെരുവുനായ ഭീഷണി; തോക്കുമായി കുട്ടികളെ അകമ്പടി സേവിച്ച് രക്ഷിതാവ്

കാസര്‍കോട്: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകാൻ മദ്രസ വിദ്യാർത്ഥികൾക്ക് തോക്കുമായി അകമ്പടി സേവിക്കുന്ന രക്ഷിതാവിന്റെ വീഡിയോ വൈറലാകുന്നു. കാസർകോട് ബേക്കലിലെ ഹദാദ് നഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഇതേതുടർന്നാണ് രക്ഷിതാവായ സമീർ എയർ ഗണ്ണുമായി അകമ്പടി സേവിച്ചത്.

13 കുട്ടികൾ മദ്രസയിലേക്ക് പോകുമ്പോൾ അവർക്ക് മുന്നിൽ തോക്കുമായി നടക്കുന്ന സമീറിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തെരുവുനായ്ക്കൾ വന്നാൽ വെടിവെക്കുമെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കുട്ടികളുടെ സംരക്ഷണത്തിനും അതിനപ്പുറം പ്രായോഗിക നടപടികളിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.