കുതിച്ച് ‘കടുവ’; 4 ദിവസംകൊണ്ട് നേടിയത് 25 കോടി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തീയേറ്ററുകളിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് നാലാം ദിവസം 25 കോടിയിലധികം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ആഗോള കളക്ഷനും തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളിൽ നിന്നുള്ള കളക്ഷനും 25 കോടി രൂപയിലെത്തിയതായി നിർമ്മാതാക്കൾ പറയുന്നു. 

 മൂന്ന് ദിവസം കൊണ്ട് 17 കോടി രൂപയാണ് മലയാളം പതിപ്പ് നേടിയത്. പെരുന്നാളും ഞായറും ഒരുമിച്ചെത്തിയത്
കളക്ഷനില്‍ കടുവയ്ക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. കൊവിഡിന് ശേഷം കേരള ബോക്സോഫീസിൽ പൃഥ്വിരാജ് ചിത്രം തുടർച്ചയായി നേടുന്ന രണ്ടാം വിജയം കൂടിയാണ് കടുവ. നേരത്തെ പൃഥ്വിരാജ് നായകനായ ജനഗണമനയും ആഗോള ബോക്സ് ഓഫീസിൽ 50 കോടി നേടിയിരുന്നു.

 27.4 കോടി രൂപയാണ് ജനഗണമന കേരളത്തിൽ നിന്ന് നേടിയത്. എന്നാൽ, ചിത്രം എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് ‘കടുവ’ നാല് ദിവസം കൊണ്ട് സമ്പാദിച്ചതെന്ന് നിർമ്മാതാക്കൾ പറയുന്നു. കടുവ ജൂലൈ ഏഴിന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. മാസ് ആക്ഷൻ എന്‍റർടെയ്നറായി പുറത്തിറങ്ങിയ സിനിമയിലൂടെ വലിയ തിരിച്ചുവരവാണ് ഷാജി കൈലാസ് നടത്തിയിരിക്കുന്നത്.