പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്; സുപ്രീംകോടതി

ന്യൂഡല്‍ഹി: പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതേസമയം ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.

ക്വാറി ഉടമകളായ പോബ്‌സ് ഗ്രാനൈറ്റ്സ്, റാഫി ജോണ്‍ എന്നിവരാണ് കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സർക്കാർ പട്ടയം നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വിധിച്ചു. ക്വാറി ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായി പാട്ടത്തിനെടുത്ത ഭൂമി തിരിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഉദ്യോഗസ്ഥർക്ക് സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ക്വാറി ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചത്.

ഹർജിയിൽ നോട്ടീസ് അയച്ച സുപ്രീം കോടതി ഒക്ടോബർ 10ന് കേസ് വിശദമായി കേൾക്കുമെന്ന് അറിയിച്ചു. അന്തിമവാദം ഉടൻ കേൾക്കുമെന്നതിനാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ എ.എസ്.ശൈലജ ബൊപ്പണ്ണ, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് അറിയിച്ചത്. ക്വാറി ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.വി.വിശ്വനാഥൻ, അഭിഭാഷകരായ ഇ.എം.എസ്.അനാം, എം.കെ.എസ്.മേനോൻ, ഉഷ നന്ദിനി എന്നിവർ പങ്കെടുത്തു.