ബഫര്‍സോണ്‍ വിഷയം; ചില സംഘടനകള്‍ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വനം മന്ത്രി

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ ചില എൻജിഒകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവിസങ്കേതം ആവശ്യമുണ്ടോ എന്ന് പോലും ചർച്ച ചെയ്യപ്പെടുന്നുണ്ട്, പക്ഷേ അവയൊന്നുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. പ്രധാനമന്ത്രി മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ബഫർ സോൺ വിഷയം ചർച്ച ചെയ്യുമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. സുപ്രീംകോടതിയിൽ കക്ഷിചേരാൻ ജനുവരി അഞ്ചിന് അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്ക് വേണ്ടി പാർട്ടി മുന്നിൽ നിന്ന് പോരാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കഴിവുകേടാണ് ആയിരക്കണക്കിന് ആളുകളെ ആശങ്കപ്പെടുത്തുന്നതെന്ന് എയിഞ്ചൽവാലി സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

ഒരു ദിവസം നേരം പുലർന്നപ്പോൾ രണ്ട് വാർഡുകൾ പൂർണ്ണമായും കാടായി മാറുന്ന ഞെട്ടിക്കുന്ന സാഹചര്യമാണ് ഇവിടെ കാണുന്നത്. സുപ്രീം കോടതിയിൽ രേഖകൾ സമർപ്പിക്കാൻ ധാരാളം സമയം ലഭിച്ചിട്ടും സർക്കാർ അലംഭാവം കാണിക്കുകയായിരുന്നു. ബഫർ സോൺ പ്രശ്നം മറ്റ് സംസ്ഥാനങ്ങൾ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കേരളം കണ്ട് പഠിക്കണം. ബി.ജെ.പി കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ ധരിപ്പിച്ചതിനാലാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് പിണറായി വിജയന് പിൻമാറേണ്ടി വന്നത്. ബഫർ സോൺ വിഷയത്തിലും ബിജെപി ശക്തമായി ഇടപെടുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.