ബഫർ സോൺ വിഷയം; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്: ബഫര്‍സോണില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനവുമായി ബന്ധപ്പെട്ട് ഒരു ചെറിയ പ്രശ്നം ഉണ്ടെങ്കിൽ പോലും, അത് പർവതീകരിക്കപ്പെടുന്നു. പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ബഫർ സോൺ വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരു ചർച്ചാ വിഷയമായിരുന്നു. എന്നാൽ വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇപ്പൊൾ പൊട്ടിപ്പുറപ്പെട്ട ഒരു സംഭവം മാത്രമാണെന്ന്. സർക്കാരിനെതിരായ പ്രതിഷേധം കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

അതേസമയം, സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധനാ റിപ്പോർട്ട് പിന്നീട് സമർപ്പിക്കാമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എജിയും സ്റ്റാൻഡിംഗ് കൗൺസിലുമായി കോടതിയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യും. സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടുന്നതും പരിഗണനയിലാണ്.