ബഫർ സോൺ വിഷയം; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്തിനാണ് ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന് മന്ത്രിസഭ തീരുമാനിച്ചതെന്നും ആദ്യ ഉത്തരവ് റദ്ദാക്കാതെ അവ്യക്തമായ ഉത്തരവ് എന്തുകൊണ്ടാണ് രണ്ടാമത് പുറപ്പെടുവിച്ചതെന്നും സതീശൻ ചോദിച്ചു.

വനമേഖലയ്ക്ക് സമീപം താമസിക്കുന്ന കർഷകരെ സർക്കാർ കബളിപ്പിക്കുകയാണെന്ന് സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നേരിട്ടുള്ള സൈറ്റ് പരിശോധന നടത്താതെ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചയിക്കാനുള്ള നീക്കം സ്വീകാര്യമല്ല. ഇക്കാര്യത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും സതീശൻ പറഞ്ഞു. മലയോര മേഖലയിലെ ബഫർ സോൺ മേഖലയെക്കുറിച്ചുള്ള സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെതിരെ ജനങ്ങൾ ശക്തമായി പ്രതിഷേധത്തിലാണ് .