നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 10ന് പുനരാരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ഈ മാസം 10ന് പുനരാരംഭിക്കും. സാക്ഷികളെ വിസ്തരിക്കാൻ വിചാരണക്കോടതി സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകാരം ഡിസംബർ ആറ് വരെ വിസ്തരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി. ആദ്യഘട്ടത്തിൽ 39 സാക്ഷികളെ വിസ്തരിക്കും. ഇവർക്ക് സമൻസ് അയച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിന്‍റെ പുനരന്വേഷണത്തിലേക്ക് നയിച്ച വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ ഏറ്റവും കൂടുതൽ ദിവസം കോടതി വിസ്തരിക്കും. മഞ്ജു വാര്യർ, സാഗർ വിൻസെന്‍റ്, ജിൻസൺ എന്നിവരെ തൽക്കാലം വിസ്തരിക്കില്ല. നേരത്തെ വിസ്തരിച്ചെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഇവർക്ക് സമൻസ് അയച്ചില്ല.

നടിയെ ആക്രമിച്ച കേസിലെ പ്രതികളായ നടൻ ദിലീപിനെയും സുഹൃത്ത് ശരത്തിനെയും കേസിന്റെ തുടരന്വേഷണ റിപ്പോർട്ടിന്റെ കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയിൽ വായിച്ചു കേൾപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. തെളിവുകൾ മറച്ചുവെക്കാൻ ശ്രമിച്ചതിന് ശരത്തിനെതിരെ കേസെടുത്തിട്ടുണ്ട്.