സത്യം പുറത്തു വരും വരെ മുഖ്യമന്ത്രി രാജിവച്ചു മാറിനിൽക്കണമെന്ന് എഎപി

കൊച്ചി: ആരോപണങ്ങളിൽ നിന്ന് വ്യക്തത വരുന്നതുവരെ വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആം ആദ്മി പാർട്ടി. കേരളത്തിലെ ജനങ്ങളിൽ സൃഷ്ടിക്കുന്ന അനാദരവ് മാറ്റാൻ മുഖ്യമന്ത്രി തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി.സി സിറിയക്ക് പറഞ്ഞു.

ഇക്കാര്യം അന്വേഷിക്കുന്ന ദേശീയ ഏജൻസികൾക്ക് മുന്നിൽ മുഖ്യമന്ത്രി തന്നെ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും അത് പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ മുഖ്യമന്ത്രി 164 പ്രസ്താവന നൽകി വ്യക്തത വരുത്തണം. സത്യം പുറത്തുവരുന്നതുവരെ മുഖ്യമന്ത്രി രാജിവച്ച് മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തലുകൾ നടത്തിയ പശ്ചാത്തലത്തിലാണ് എഎപിയുടെ പ്രതികരണം.