രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടുന്നു; ഡിസംബറിൽ 8.3 ശതമാനം

ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് വർധിക്കുന്നു. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയർന്നു. 16 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. നവംബറിൽ ഇത് 8% ആയിരുന്നു. ഡിസംബറിൽ നഗര മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് 10.09%വും ഗ്രാമപ്രദേശങ്ങളിൽ ഇത് 7.55 % വും ആയിരുന്നു. നവംബറിൽ ഇത് യഥാക്രമം 7.55 ശതമാനവും 7.44 ശതമാനവുമായിരുന്നു.

തൊഴിൽ പങ്കാളിത്ത നിരക്ക് 40.48 % ആയി ഉയർന്നു. അതുപോലെ, ഡിസംബറിലെ തൊഴിൽ നിരക്ക് 37.1 ശതമാനമായിരുന്നു. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് സിഎംഐഇ മാനേജിംഗ് ഡയറക്ടർ മഹേഷ് വ്യാസ് പറഞ്ഞു.

2024 ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പണപ്പെരുപ്പം നിയന്ത്രിക്കുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് മോദി സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. ഡിസംബറിൽ ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക് 37.4 ശതമാനമായിരുന്നു. രാജസ്ഥാനിലും ഡൽഹിയിലും ഇത് യഥാക്രമം 28.5 ശതമാനവും 20.8 ശതമാനവുമാണ്.