സർവകലാശാല ഭേദഗതി ബില്ലും പാസാക്കി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണറുടെ അധികാരത്തെ പരിമിതപ്പെടുത്തുന്ന സർവകലാശാലാ നിയമ (ഭേദഗതി) ബിൽ 2022 നിയമസഭ പാസാക്കി. ഓഗസ്റ്റ് ഒന്നിന്റെ മുൻകാല പ്രാബല്യത്തോടെ സബ്ജക്ട് കമ്മിറ്റി ബിൽ പാസാക്കിയിരുന്നു. പാവകളെ വൈസ് ചാൻസലർമാരാക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സർവകലാശാലയിലെ നിയമനങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് വിമർശിച്ചതിനെ തുടർന്നാണ് നിലവിലെ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.

വി.സി നിയമന സമിതിയിൽ അഞ്ച് പേരെ കൂടി ഉൾപ്പെടുത്തിയാൽ സർവകലാശാലകളിലെ ആർ.എസ്.എസ് ഇടപെടൽ തടയാനാകുമെന്ന് കെ.ടി ജലീൽ അഭിപ്രായപ്പെട്ടെങ്കിലും സർവകലാശാലകളിലെ കമ്യൂണിസ്റ്റ് വൽക്കരണം ആർ.എസ്.എസിന്‍റെ കാവിവൽക്കരണം പോലെ അപകടകരമാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. സർക്കാരിന്റെ നിലപാട് ധാർഷ്ട്യവും അധാർമ്മികവുമാണെന്നും സർക്കാരിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സെർച്ച് കമ്മിറ്റി അംഗങ്ങൾക്ക് സർവകലാശാലയുമായി ബന്ധമുണ്ടകാൻ പാടില്ലെന്നാണ് യുജിസി ചട്ടം. അതിനാൽ, നിയമഭേദഗതി കോടതിയിൽ നിലനിൽക്കില്ല. സർവകലാശാല നിയമത്തിലെ ഭേദഗതി ചട്ടങ്ങൾക്ക് അനുസൃതമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. സി.എച്ച് മുഹമ്മദ് കോയയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പരോക്ഷമായി പറഞ്ഞെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ മന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.