‘ക്രിസ്തുമസ് അവധി’ എന്ന പദപ്രയോഗം മാറ്റി ലണ്ടനിലെ ബ്രൈറ്റണ്‍ സര്‍വകലാശാല

ലണ്ടൻ: ഇംഗ്ലണ്ടിലെ ബ്രൈറ്റൺ സർവകലാശാല ക്രിസ്തുമസ് അവധി എന്ന പദപ്രയോഗത്തിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചു. “ക്രിസ്തുമസ്” എന്ന വാക്ക് ക്രിസ്തീയ വിശ്വാസവുമായി അടുത്ത ബന്ധമുള്ളതിനാൽ സർവകലാശാല അവധിക്കാലത്തിന്റെ പേര് മാറ്റി. ക്രിസ്തുമസ് അവധിക്ക് ‘മഞ്ഞ് കാല അവധി സമയം’ എന്നാണ് സർവകലാശാല പുതിയ പേര് നൽകിയിരിക്കുന്നത്. സർവകലാശാലയിലെ അധ്യാപകർക്ക് നൽകിയ ഒമ്പത് പേജുള്ള നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

വിദ്യാർത്ഥികളോട് അവരുടെ ക്രിസ്തീയ നാമം എന്താണെന്ന് ചോദിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇനി മുതൽ നിങ്ങൾ നല്‍കിയിരിക്കുന്ന പേര് എന്തെന്ന് മാത്രമേ ചോദിക്കാൻ കഴിയൂ. പഴയ ആളുകള്‍, മുസ്ലിംകൾ, ക്രിസ്ത്യാനികൾ, ജൂതൻമാർ എന്നിവയുൾപ്പെടെ പൊതുവായി ഉപയോഗിക്കുന്ന പല പദങ്ങളും സർവകലാശാല നിരോധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ സുരക്ഷിതത്വം നൽകുന്ന പ്രയോഗങ്ങള്‍ ഉപയോഗിക്കാൻ അധ്യാപകർ ശ്രദ്ധിക്കണമെന്നും സർവകലാശാല നിർദേശിച്ചിട്ടുണ്ട്.

തലമുറകൾ മാറുന്നതിനനുസരിച്ച് ഭാഷയിൽ സാംസ്കാരിക മാറ്റങ്ങൾ വേണമെന്ന് നിർദ്ദേശം ആവശ്യപ്പെടുന്നു. സമുദായങ്ങളുടെ പേരുകൾ ഉപയോഗിക്കുന്നതിൽ ചില മാറ്റങ്ങളും സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം രാജ്യത്തിന് പകരം, ‘മുസ്ലിം ഭൂരിപക്ഷ രാജ്യം’ എന്ന് ഉപയോഗിക്കണം. സർക്കുലറുമായി ബന്ധപ്പെട്ട്, വാക്കുകൾ നിരോധിക്കുന്നില്ലെന്നും എന്നാൽ ഇവയ്ക്ക് പകരം നിർദ്ദേശിക്കപ്പെട്ടവ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതമെന്നും സർവകലാശാല വ്യക്തമാക്കി.