ഇരയെ കൊല്ലാതെ വെറുതെ വിട്ടു; ബലാത്സംഗക്കേസ് പ്രതിയുടെ ശിക്ഷയില്‍ ഇളവ് നൽകി കോടതി

ഭോപ്പാല്‍: കൊല്ലാതെ വിടാനുള്ള ദയ കാണിച്ചു എന്ന പേരിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ഇളവ് ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി. 4 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ സുബോധ് അഭ്യങ്കാറും, എസ്.കെ സിംഗും അടങ്ങുന്ന ഇൻഡോർ ബെഞ്ചാണ് പ്രതിയുടെ ജീവപര്യന്തം തടവ് 20 വർഷം കഠിന തടവായി കുറച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 376 (2) (എഫ്) പ്രകാരം പ്രതിയ്ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി ശിക്ഷ ഇളവ് ചെയ്തത്. പ്രോസിക്യൂഷൻ തന്നെ പ്രതി ചേർത്തതാണെന്നും ഫോറൻസിക് പരിശോധനാ റിപ്പോർട്ട് റെക്കോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രതി അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ 4 വയസുകാരിയോട് ക്രൂരമായി പെരുമാറിയ പ്രതിയ്ക്ക് ഉചിതമായ ശിക്ഷ വിധിച്ച വിചാരണക്കോടതി നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. ശിക്ഷാ ഇളവ് പരിഗണിക്കാനാവില്ലെന്നും എന്നാൽ ഇരയെ കൊല്ലാതെ വിടാൻ പ്രതി കാണിച്ച ദയ കണക്കിലെടുത്ത് ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു.