മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.40 അടി; കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി തമിഴ്നാട്
ഇടുക്കി: കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയർന്നു. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തുടങ്ങിയതോടെ ജലനിരപ്പ് പതുക്കെയാണ് ഉയരുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് ഇന്നലെ വൈകിട്ടോടെയാണ് വർദ്ധിപ്പിച്ചത്.
ഇത് സെക്കൻറിൽ 511 ഘനയടിയിൽ നിന്നും 1100 ഘനയടിയായാണ് ഉയർത്തിയത്. ജലനിരപ്പ് 140 അടിയിലെത്തിയപ്പോൾ കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മഴ കുറഞ്ഞതിനാൽ വൃഷ്ടിപ്രദേശത്ത് നിന്ന് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞു. അതിനാൽ ജലനിരപ്പ് വീണ്ടും ഉയരില്ലെന്ന പ്രതീക്ഷയിലാണ് തമിഴ്നാട്. ഡാമിന്‍റെ അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്. കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിച്ചതിനാൽ സ്പിൽവേ വഴി ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിടേണ്ടി വരില്ലെന്നാണ് തമിഴ്നാട് പറയുന്നത്. ഡിസംബർ മൂന്നിനാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തിയത്.