സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി; ഗവര്‍ണര്‍ക്ക് കേരള വിസിയുടെ കത്ത്
തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് കേരള വി.സി. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസി ഗവർണർക്ക് കത്തയച്ചു. കേരള സർവകലാശാലയിലെ സി.പി.എം സെനറ്റ് അംഗങ്ങൾ ഗവർണർക്കെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. സി.പി.എമ്മിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ 15 നോമിനികളെ ഗവർണർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ചാൻസലറുടെ താൽപ്പര്യം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ അംഗങ്ങളോട് വിശദീകരണം ചോദിക്കാതെയുള്ള നടപടി ചട്ടവിരുദ്ധമാണെന്നാണ് സി.പി.എം നിലപാട്. പുറത്താക്കപ്പെട്ട അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കാൻ നിയമോപദേശം തേടി. വി.സിയുടെ നിയമനത്തിനായി സെനറ്റ് പ്രതിനിധിയെ തീരുമാനിക്കാൻ ചേർന്ന യോഗം ക്വാറം പൂർത്തിയാതെ പിരിയുകയായിരുന്നു.
ചാൻസലർക്ക് താൽപ്പര്യം നഷ്ടപ്പെട്ടാൽ അംഗങ്ങളെ പിൻവലിക്കാമെന്ന് ചട്ടത്തിൽ വ്യവസ്ഥയുണ്ട്. വി.സി നിർണ്ണയ സമിതിയിലേക്ക് സെനറ്റ് നോമിനിയെ നാമനിർദ്ദേശം ചെയ്യാനുള്ള ഗവർണറുടെ അന്ത്യശാസനം കേരള സർവകലാശാല നിരന്തരം തള്ളുകയാണ്. ചൊവ്വാഴ്ച ചേർന്ന സെനറ്റ് യോഗം ക്വാറം പൂർത്തിയാക്കാതെ പിരിയുകയായിരുന്നു. ഇടത് അംഗങ്ങൾക്കൊപ്പം ചാൻസലറുടെ നോമിനികളായ 15 പേരും വിട്ടുനിന്നിരുന്നു. ഇവരുടെ വിശദാംശങ്ങൾ വി.സിയിൽ നിന്ന് തേടിയ ശേഷമാണ് നടപടി.
പിൻവലിച്ചതിൽ 4 വകുപ്പുമേധാവികളും ഉൾപ്പെടുന്നു. 15 പേരിൽ രണ്ടുപേർ സിൻഡിക്കേറ്റ് അംഗങ്ങളാണ്. അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയതായി ഗവർണർ വി.സിയെ രേഖാമൂലം അറിയിച്ചു. അടുത്ത സെനറ്റ് യോഗം നാലിന് ചേരാനിരിക്കെയാണ് ഗവർണറുടെ നീക്കം. ഗവർണറുടെ നടപടിയോടുള്ള സർക്കാരിന്റെ പ്രതികരണം പ്രധാനമാണ്. നാലിനും കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഗവർണർ നിയോഗിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി പുതിയ വി.സിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കും.