ലോക ക്വിസിങ് ചാമ്പ്യൻഷിപ് ജൂൺ നാലിന് ആരംഭിക്കും
ക്വിസിൽ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസ് ചാമ്പ്യൻഷിപ്പിന്റെ 22 ആമത് പതിപ്പ് ജൂൺ നാലിനു നടക്കും. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ (ഐ.ക്യു.എ) സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായി ലോകമെമ്പാടുമുള്ള 150 നഗരങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും വേദികൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക ചാമ്പ്യൻഷിപ്പിൽ നേരിട്ട് പങ്കെടുക്കാനും വിജ്ഞാനത്തിന്റെ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്താനും മലയാളികൾക്ക് ഈ ചാമ്പ്യൻഷിപ്പ് അവസരമൊരുക്കുന്നു.
2022 ജൂൺ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ലോകമെമ്പാടുമുള്ള ഒരേ ചോദ്യങ്ങളുള്ള 2 മണിക്കൂർ എഴുത്തുപരീക്ഷയുടെ മാതൃകയിൽ പ്രായവും വിദ്യാഭ്യാസവും കണക്കിലെടുക്കാതെയാണ് മത്സരം നടക്കുക. കല, സംസ്കാരം, മാധ്യമം, ചരിത്രം, സാഹിത്യം, വിനോദം, സ്പോർട്സ്, ശാസ്ത്രം, ലോകം തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങൾ ചോദിക്കും.