ലോകത്തെ ആദ്യ പറക്കും ബൈക്കുകള്‍ യുഎസ്സില്‍

വാഹനപ്രേമികളെ ഞെട്ടിച്ച് കൊണ്ട് പറക്കും ബൈക്കുകളും വിപണിയിലേക്ക്. ഹോളിവുഡ് ചിത്രം സ്റ്റാര്‍ വാര്‍സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പറക്കും ബൈക്കുകള്‍ ഉള്ളത്. ജാപ്പനീസ് സ്റ്റാര്‍ട്ടപ്പായ എര്‍ക്വിന്‍സ് ടെക്‌നോളജീസാണ് പറക്കും ബൈക്കുകള്‍ നിര്‍മിക്കുന്നത്. ഇവരുടെ ഹോവര്‍ ബൈക്കുകള്‍ യുഎസ്സിലെത്തിയിരിക്കുകയാണ്. ഡിട്രോയിറ്റില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന വാഹന പ്രദര്‍ശനത്തിലായിരുന്നു പറക്കും ബൈക്കുകളെ അവതരിപ്പിച്ചത്. 7,77,000 ഡോളറാണ് റ്റുറിസ്‌മോ എന്ന് വിളിക്കുന്ന ഈ ഹോവര്‍ ബൈക്ക് നിര്‍മിക്കാന്‍ ഇപ്പോള്‍ ചെലവായത്. അടുത്ത വര്‍ഷം ഇതിന്റെ ഒരു ചെറിയ പതിപ്പ് അവതരിപ്പിക്കുമെന്നും 2025ല്‍ ഇതിന്റെ ഒരു ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കുമെന്നും അത് 50000 ഡോളറിന് വില്‍ക്കുമെന്നും കമ്പനി അവകാശപ്പെട്ടു.