ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം പൊട്ടിത്തെറിച്ചു; താപനിയന്ത്രണത്തിലെ അപാകത അപകട കാരണം

ബെർലിൻ: ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടർ അക്വേറിയം തകർന്നു. ജർമ്മനിയിലെ ബെർലിനിലുള്ള അക്വേറിയത്തിൽ 1,500 ലധികം അപൂർവ ഇനം മത്സ്യങ്ങൾ ഉണ്ടായിരുന്നു. ബെർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അക്വേറിയം ഇന്ന് പുലർച്ചെ വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. സിലിണ്ടർ ആകൃതിയിലുള്ള 82 അടി (25 മീറ്റർ) ഉയരത്തിൽ നിർമ്മിച്ച ഈ അക്വേറിയം ബെർലിൻ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമായിരുന്നു. അക്വേറിയത്തിലൂടെ വിനോദ സഞ്ചാരികൾക്ക് ലിഫ്റ്റിൽ പോകാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

10 ലക്ഷം ലിറ്റർ വെള്ളമുള്ള അക്വേറിയത്തിൽ 1,500 ലധികം അപൂർവ ഇനം മത്സ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2004ലാണ് അക്വേറിയം തുറന്നത്. താപനിയന്ത്രണ സംവിധാനത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അക്വേറിയത്തിലെ വെള്ളം ഒഴുകുകയും ഹോട്ടലിന്‍റെ അകത്തും പുറത്തും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തിരക്കില്ലാത്ത സമയത്ത് അപകടമുണ്ടാതിനാൽ മറ്റ് നാശനഷ്ടങ്ങൾ കുറഞ്ഞതായി ബെർലിൻ പോലീസ് പറഞ്ഞു.