ലോകത്തിലെ ഏറ്റവും നീളമുള്ള ശീതീകരിച്ച നടപ്പാത; റെക്കോര്‍ഡ്‌ നേടി ഉം അല്‍ സമീം പാര്‍ക്ക്

ദോഹ: ലോകത്തിലെ ഏറ്റവും നീളം കൂടിയ ശീതീകരിച്ച നടപ്പാതയുള്ള പാര്‍ക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് നേടി ദോഹയിലെ ഉം അല്‍ സമീം പാര്‍ക്ക്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) ആണ് ഉം അല്‍ സമീം പാര്‍ക്കില്‍ 1,143 മീറ്റര്‍ നീളമുള്ള പാത നിര്‍മിച്ചത്. വ്യായാമത്തിനായുള്ള ശീതീകരിച്ച നടപ്പാതയും മറ്റു സൗകര്യങ്ങളുമുള്ള പാര്‍ക്ക് നവംബര്‍ ഒന്നിനാണ് മുനിസിപ്പല്‍ മന്ത്രാലയം സന്ദര്‍ശകര്‍ക്കായി തുറന്നത്.

പാര്‍ക്കില്‍ അഷ്ഗാലിന്റെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്നതിന് സൂപ്പര്‍വൈസറി കമ്മിറ്റി സംഘടിപ്പിച്ച മരം നടീല്‍ ചടങ്ങിലാണ് ഗിന്നസ് റെക്കോര്‍ഡ് വിധികര്‍ത്താവ് പ്രവീണ്‍ പട്ടേല്‍ പ്രഖ്യാപനം നടത്തിയത്.

“ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരത്തില്‍ നഗരങ്ങളെ സൗന്ദര്യവല്‍കരിക്കാനുള്ള ഞങ്ങളുടെ ആസൂത്രിത പദ്ധതിക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാനായതില്‍ അഭിമാനമുണ്ട്.” അഷ്ഗാൽ പ്രസിഡണ്ട് സാദ് അഹമ്മദ് ഇബ്രാഹിം അല്‍ മുഹന്നദി പ്രതികരിച്ചു. എല്ലാ സീസണുകളിലും പൊതുജനങ്ങളുടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ് സെന്‍ട്രല്‍ പാര്‍ക്കിലെ ശീതീകരിച്ച നടപ്പാതയെന്നും അദ്ദേഹം പറഞ്ഞു.