ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസി; നേട്ടമുണ്ടാക്കാതെ രൂപ

ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ. 2022 ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 11.3 % ഇടിഞ്ഞു. 2013ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഈ വർഷം രൂപ നടത്തിയത്. റഷ്യ-ഉക്രൈൻ യുദ്ധവും യുഎസ് ഫെഡറൽ റിസർവിന്‍റെ ആക്രമണാത്മക പലിശ നിരക്ക് വർദ്ധനവും രൂപയ്ക്ക് തിരിച്ചടിയായി. 

ഈ വർഷത്തെ അവസാന വ്യാപാരദിനമായ ഇന്നലെ രൂപ 82.72 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഡോളർ സൂചിക 2015ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക നേട്ടത്തിലേക്ക് നീങ്ങുമ്പോൾ, യുഎസ് കറൻസിക്കെതിരെ രൂപയുടെ മൂല്യം 2021ലെ 74.33 ൽ നിന്ന് 82.72 ലേക്ക് കൂപ്പുകുത്തി.

റഷ്യ-ഉക്രൈൻ സംഘർഷം സൃഷ്ടിച്ച എണ്ണ വിലയിലെ മാറ്റങ്ങളുടെ ഇരയായിരുന്നു രൂപയും. ഇത് സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി റെക്കോർഡ് നിലവാരത്തിലേക്ക് തള്ളിവിട്ടു. 2023 ലേക്ക് കടക്കുമ്പോൾ, ചരക്ക് വില ലഘൂകരിക്കുന്നതിൽ നിന്ന് ആശ്വാസം കണ്ടെത്തുമെന്നും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങുന്നത് തുടരുമെന്നും വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു.