30 വർഷത്തിന് ശേഷം ചലഞ്ചര്‍ പേടകാവശിഷ്ടം കണ്ടെത്തി
ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ചലഞ്ചര്‍ ദുരന്തത്തിൽ പൊട്ടിത്തെറിച്ച പേടകത്തിന്‍റെ ഒരു ഭാഗം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തി. അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് അപ്രത്യക്ഷമായ ഒരു ഭാഗമാണ് കണ്ടെത്തിയത്. 1986 ജനുവരി 28ന് നടന്ന ചലഞ്ചര്‍ ദുരന്തത്തിൽ പേടകത്തിലെ ഏഴ് ബഹിരാകാശയാത്രികർ കൊല്ലപ്പെട്ടു.
അപകടത്തിന് ശേഷം അപ്രത്യക്ഷമായ ബഹിരാകാശ പേടകത്തിലെ ഏറ്റവും വലിയ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് നാസ മാനേജർ മിഷേല്‍ സിയാനിലി പറഞ്ഞു. ചലഞ്ചര്‍, കൊളംബിയ എന്നിവയുൾപ്പെടെ കാണാതായ ബഹിരാകാശ പേടക ഭാഗങ്ങൾ കണ്ടെത്താനുള്ള ദൗത്യത്തിന്‍റെ ചുമതല മിഷേലിനാണ്. ഒരു ടിവി ഡോക്യുമെന്‍ററി തയ്യാറാക്കുന്നതിനായി സമുദ്രത്തിന്‍റെ അടിത്തട്ടിൽ ഗവേഷണം നടത്തിയ മുങ്ങൽ വിദഗ്ധരാണ് മാർച്ചിൽ ബഹിരാകാശ പേടകത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നിരുന്നാലും, രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന യുദ്ധവിമാനത്തിന്‍റെ ഒരു ഭാഗത്തിനൊപ്പം കണ്ടെത്തിയത് തകർന്ന ബഹിരാകാശ പേടകത്തിന്‍റെ ഭാഗമാണെന്ന് നാസ അടുത്തിടെയാണ് സ്ഥിരീകരിച്ചത്.
ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ അധ്യാപിക എന്ന ലക്ഷ്യത്തോടെ എത്തിയ വനിതാ ക്രിസ്റ്റ മക് ഓലിഫ് ഉൾപ്പെടെ ഏഴ് പേരാണ് ചലഞ്ചർ അപകടത്തിൽ മരിച്ചത്. 15 അടിയിലേറെ വലുപ്പമുള്ള പേടകത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. എന്നിരുന്നാലും, കടലിന് അടിത്തട്ടിൽ ആഴ്‌ന്ന് കിടക്കുന്നതിനാൽ അവശിഷ്ടങ്ങൾക്ക് വലിപ്പം കൂടുതൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പേടകത്തിന്‍റെ മധ്യഭാഗം കണ്ടെത്തിയതായാണ് സ്ഥിരീകരിച്ചത്.