ഹിറ്റായി ‘തീ ദളപതി’ സോം​ഗ്; 24 മണിക്കൂറിൽ 12 മില്യൺ റിയല്‍ ടൈെം കാഴ്ചക്കാർ

നടൻ വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകൾക്കും വലിയ ആരാധകവൃന്ദമുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്‍റെ രണ്ടാമത്തെ സിംഗിൾ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

‘തീ ദളപതി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടൻ സിമ്പുവാണ്. ചിമ്പുവിന്‍റെ മാസ് പെർഫോമൻസുള്ള ഗാനം റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 12 ദശലക്ഷത്തിലധികം റിയൽ ടൈം കാഴ്ചക്കാരെയാണ് നേടിയത്. സിമ്പു ചിത്രത്തിൽ അഭിനയിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതിഥി വേഷത്തിലാണോ അതോ മുഴുനീള കഥാപാത്രമാണോ എന്നറിയാൻ ചിത്രത്തിന്‍റെ റിലീസ് വരെ കാത്തിരിക്കേണ്ടി വരും. 

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘രഞ്ജിതമേ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് പാടിയ ഗാനം ദക്ഷിണേന്ത്യൻ സിനിമയിൽ സമീപകാലത്ത് ഇറങ്ങിയ ലിറിക്കൽ വീഡിയോകളിലെ വലിയ ഹിറ്റായും മാറി. തമൻ എസ് ആണ് ഗാനത്തിന് സംഗീതം നൽകിയത്.