ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കേരളത്തിൽ പിടിയിൽ

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി വിൻസെന്‍റ് ജോണിയെയാണ് (63) തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 200 ഓളം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് ലാപ്ടോപ്പും മറ്റ് സാധനങ്ങളുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെ ഒരു ഹോട്ടലിൽ നിന്നാണ് കഴിഞ്ഞ ദിവസം ലാപ്ടോപ്പ് മോഷണം പോയത്. ഇതേതുടർന്ന് ഹോട്ടൽ അധികൃതർ കന്‍റോണ്മെന്‍റ് പോലീസിൽ പരാതി നൽകി. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ കുപ്രസിദ്ധ മോഷ്ടാവ് വിൻസെന്‍റാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു.

ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്ന വിൻസെന്‍റ് ഒരു വ്യവസായിയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുറിയെടുക്കാറുണ്ടായിരുന്നത്. തന്‍റെ വാക്ചാതുര്യത്തോടെ അദ്ദേഹം ജീവനക്കാരെ കയ്യിലെടുത്ത് മുറി ഒഴിയുന്ന ദിവസം മുറി വാടകയും ഭക്ഷണ ബില്ലും നൽകാമെന്ന് പറയും. അതിനുശേഷം ഏറ്റവും മികച്ച മുറിയിൽ വിലകൂടിയ മദ്യവും ഭക്ഷണവുമെല്ലാം ഓര്‍ഡര്‍ ചെയ്ത് ഒന്നോ രണ്ടോ ദിവസം താമസിക്കും. അതേ ഹോട്ടലിൽ ഒരു ബിസിനസ് മീറ്റ് സംഘടിപ്പിക്കാൻ താൻ പദ്ധതിയിടുന്നുണ്ടെന്നും അതിനായി ഹോട്ടലിൽ കോൺഫറൻസ് ഹാൾ ബുക്ക് ചെയ്യണമെന്നും ആവശ്യപ്പെടും. ഇതിനിടയിൽ തന്‍റെ ലാപ്ടോപ്പ് തകരാറിലായെന്നും പകരമൊരു ലാപ്‌ടോപ്പ് സംഘടിപ്പിച്ച് നല്‍കണമെന്നും ജീവനക്കാരോട് ആവശ്യപ്പെടും. തുടർന്ന് പ്രതി ഈ ലാപ്ടോപ്പുമായി ഹോട്ടലിൽ നിന്ന് മുങ്ങുകയാണ് രീതി.