ഭീഷണിയുണ്ടെന്ന് റിപ്പോർട്ട്; ബംഗാള്‍ ഗവർണർ സി.വി.ആനന്ദ ബോസിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഭീഷണിയുണ്ടെന്ന ഇന്‍റലിജൻസ് ഏജൻസികളുടെ വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ആനന്ദ ബോസിന് രാജ്യത്തുടനീളം സുരക്ഷയൊരുക്കും.

പശ്ചിമ ബംഗാൾ ഗവർണറാകുന്നതിന് മുമ്പ്, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള സമിതിയിൽ ബോസ് അംഗമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഭീഷണിയെന്നാണ് സൂചന.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ 25 മുതൽ 30 വരെ സിആർപിഎഫ് സായുധ സേനാംഗങ്ങളുടെ അകമ്പടി രാജ്യത്തിന്റെ ഏത് ഭാഗത്തേക്കു യാത്രചെയ്യുമ്പോഴും ആനന്ദബോസിനൊപ്പം ഉണ്ടാകും.