സ്ഥലത്തിന് വില നൽകാൻ ഫണ്ട് ഇല്ല; കാക്കനാട് മെട്രോ സ്‌റ്റേഷൻ പ്രതിസന്ധിയിൽ
കാക്കനാട്: ഭൂമിയുടെ വില നൽകാൻ പണമില്ല, ജീവനക്കാർക്ക് ശമ്പളമില്ല, ഓഫീസുകൾക്ക് അനുമതിയില്ല മെട്രോ റെയിൽ കാക്കനാട് വരെ നീട്ടാനുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ കടുത്ത പ്രതിസന്ധിയിലാണ്. പ്രശ്നപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് കെഎംആർഎൽ ഓഫീസിൽ യോഗം ചേരും.
എം.പിമാർ, എം.എൽ.എമാർ, മുനിസിപ്പൽ കൗൺസിലർമാർ, കലക്ടർ, കെഎംആർഎൽ എം.ഡി, ഭൂമി ഏറ്റെടുക്കൽ തഹസിൽദാർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെ ഏറ്റെടുത്ത പല പ്ലോട്ടുകളുടെയും ഉടമകൾക്ക് പണം നൽകിയിട്ടില്ല.
അടിയന്തരമായി 130 കോടി രൂപ ലഭിച്ചാൽ മാത്രമേ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടരാനാകൂവെന്ന് അധികൃതർ കെഎംആർഎല്ലിനെ അറിയിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ ഓഫീസുകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കെഎംആർഎൽ തുക കളക്ടർക്ക് നൽകണം. ഇതും കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ്. അതേസമയം, സ്ഥലമെടുപ്പിനുള്ള സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിന്‍റെ അംഗീകാരം നഷ്ടപ്പെട്ടതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ശേഷിക്കുന്ന രണ്ട് ഓഫീസുകളുടെ അംഗീകാരം ഈ മാസം അവസാനിക്കും.നിരവധി തവണ ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തുടർ അംഗീകാരത്തിനുള്ള അനുമതി ലഭിച്ചിട്ടില്ല.
ഇതോടെ ജീവനക്കാരുടെ ശമ്പള ബിൽ മാറുന്നതു പ്രതിസന്ധിയിലാകും. നിലവിൽ എച്ച്ആർഎംഎസ് സംവിധാനത്തിലെ അപാകത കാരണം ചില ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. ഇതുവരെ അംഗീകാരം നഷ്ടപ്പെട്ട ലാൻഡ് അക്വിസിഷൻ ഓഫീസിലെ ജീവനക്കാർക്ക് കളക്ടറുടെ പ്രത്യേക അനുമതിയോടെയാണ് ശമ്പളം നൽകിയത്. റവന്യൂ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിതരായ ജീവനക്കാർ മെട്രോ ലാൻഡ് അക്വിസിഷൻ ഓഫീസുകളിലാണ് സേവനമനുഷ്ഠിക്കുന്നത്. മെട്രോ റെയിലിനായി ഭൂമി വിട്ടുകൊടുത്ത 134 ഭൂവുടമകൾക്ക് വില നൽകാൻ 130 കോടി രൂപ വേണം. ഇതിൽ 100 കോടി രൂപ കഴിഞ്ഞ മാസം അനുവദിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും പണം കളക്ടറുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല.