അവധിയില്ല ; യുണൈറ്റഡ് താരങ്ങളെ നിർത്താതെ ഓടിച്ച് ടെൻ ഹാ​ഗ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കനത്ത തോൽവിയാണ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്. ബ്രെന്‍റ്ഫോർഡിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെട്ടത്. സീസണിലെ ആദ്യ മത്സരത്തിൽ ബ്രൈറ്റണോടും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു.

ബ്രെന്‍റ്ഫോർഡിനെതിരെ ആദ്യ പകുതിയിൽ യുണൈറ്റഡ് നാല് ഗോളുകളും വഴങ്ങി. ഇവയിൽ മൂന്നെണ്ണം യുണൈറ്റഡ് കളിക്കാരുടെ വ്യക്തമായ തെറ്റുകളിൽ നിന്നാണ് ജനിച്ചത്. കോച്ച് എറിക് ടെൻ ഹാഗ് യുണൈറ്റഡിന്‍റെ ദയനീയ പ്രകടനത്തിൽ നിരാശപ്പെടുക മാത്രമല്ല, അസ്വസ്ഥനാവുകയും ചെയ്തു.

കനത്ത തോൽവിക്ക് ശേഷം ടെൻ ഹാഗ് ചില അടിയന്തര നടപടികൾ സ്വീകരിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച നിശ്ചയിച്ചിരുന്ന അവധി റദ്ദാക്കിയ ടെൻഹാഗ് യുണൈറ്റഡ് കളിക്കാരെ പരിശീലന ഗ്രൗണ്ടിലെത്തിച്ചു. യുണൈറ്റഡ് കളിക്കാരെ 13.8 കിലോമീറ്റർ ദൂരം ടെൻഹാഗ് ഓടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ മത്സരത്തിൽ, എല്ലാ ബ്രെന്‍റ്ഫോർഡ് കളിക്കാരും ഒരുമിച്ച് യുണൈറ്റഡ് കളിക്കാരേക്കാൾ 13.8 കിലോമീറ്റർ കൂടുതൽ ദൂരം താണ്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് ടെൻ ഹാഗിന്‍റെ ശിക്ഷാ നടപടിയെന്നാണ് സൂചന.