കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ല; കെ സുധാകരൻ
തിരുവനന്തപുരം: ആർഎസ്എസ് അനുകൂല പരാമർശത്തിന്റെ പേരിൽ താൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്ന് കെ.സുധാകരൻ. സ്ഥാനം ഒഴിയാമെന്ന് ആരെയും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാറാണെന്ന് കത്ത് അയച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ. സുധാകരന്‍റേത് നാക്കുപിഴയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാകരന്‍ കറകളഞ്ഞ മതേതരവാദിയാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവിനും ഇതേ അഭിപ്രായമാണെന്നും ഭിന്നിപ്പിക്കാൻ ആരും ശ്രമിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലീഗിന്‍റെ ആശങ്കയില്‍ തെറ്റില്ല. ചര്‍ച്ച ചെയ്ത് പരിഹരിക്കും. സുധാകരന് സിപിഎമ്മിന്‍റേയും ബിജെപിയുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കെ.സുധാകരന്‍ ഒഴിയാന്‍ തയ്യാറാണെന്ന് കത്ത് അയച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. അതേസമയം, നാളെ രാവിലെ 10.30ന് കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചു. കെ സുധാകരൻ ചികിത്സയിലായതിനാലാണ് മാറ്റിവച്ചതെന്നാണ് വിശദീകരണം.
ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ കെ സുധാകരനെതിരെ കോൺഗ്രസിൽ പോര് നടക്കുന്നതായി സൂചനയുണ്ടായിരുന്നു. കെ സുധാകരൻ കെ.പി.സി.സി പ്രസിഡന്‍റായി രണ്ടാം തവണയും എത്തുന്നത് തടയാൻ ഗ്രൂപ്പ് ഭേദമന്യേ നീക്കം നടക്കുന്നുണ്ടെന്നും രണ്ടാം തവണ നിരുപാധിക പിന്തുണയിൽ നിന്ന് ഗ്രൂപ്പുകൾ പിൻമാറിയെന്നുമാണ് വിവരം. തുടർച്ചയായി പാർട്ടിയെ കുഴപ്പത്തിലാക്കുന്നത് ഹൈക്കമാൻഡ് പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.