റോഡ് സൗകര്യമില്ല; അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണിയിൽ ചുമന്ന്

പാലക്കാട്: അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലിൽ ചുമന്ന്. അർദ്ധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകനെ മതിയായ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തെത്താൻ കഴിയാതെ വന്നതോടെ മൂന്നര കിലോമീറ്ററോളം ബന്ധുക്കൾ ചുമന്ന് കൊണ്ടുപോകുകയായിരുന്നു. കടുകമണ്ണ ഊരിലാണ് സംഭവം. ആശുപത്രിയിലെത്തിച്ച ഉടൻ യുവതി പ്രസവിച്ചു.

ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം വഴിയും തുടർന്ന് വനത്തിലൂടെ മൂന്നര കിലോമീറ്റർ സഞ്ചരിച്ചും വേണം കടുകമണ്ണ ഊരിലെ താമസക്കാർക്ക് പുറത്തെത്താൻ. രാത്രിയിൽ ആന ഇറങ്ങുന്ന സ്ഥലമാണിത്.

പ്രസവവേദന അനുഭവപ്പെട്ടയുടൻ യുവതിയുടെ ബന്ധുക്കൾ ആംബുലൻസിനായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, ആന ഇറങ്ങുന്നതിനാലും റോഡ് മോശവുമായതിനാൽ സ്വകാര്യ വാഹനങ്ങൾ എത്തിയില്ല. രണ്ടരയോടെയാണ് കോട്ടത്തറയിൽ നിന്ന് ആംബുലൻസ് എത്തിയത്. റോഡ് മോശമായതിനാൽ വാഹനത്തിന് ആനവായ എന്ന സ്ഥലത്തെത്താനെ കഴിഞ്ഞുള്ളു. അതിനാൽ ആനവായ വരെ യുവതിയെ തുണിയിൽ ചുമന്ന് എത്തിക്കുകയായിരുന്നു.