ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധനയില്ല; ഹര്‍ജി വാരണാസി കോടതി തള്ളി

വാരണാസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ കുളത്തിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ‘ശിവലിംഗ’ത്തിന്‍റെ കാലപ്പഴക്കം നിർണ്ണയിക്കാൻ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. കേസ് പരിഗണിച്ച വാരണാസി ജില്ലാ കോടതിയാണ് ഹിന്ദു വിഭാഗത്തിന്റെ ഹർജി തള്ളിയത്. കാർബൺ ഡേറ്റിംഗ് പോലുള്ള ഏത് പരിശോധനയും പള്ളിയുടെ ഉൾഭാഗം സീൽ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ ലംഘനമാണെന്ന് കോടതി പറഞ്ഞു.

കേസിലെ ഹർജിക്കാരായ, ഹിന്ദു സമുദായത്തിന്റെയും എതിർ കക്ഷിയായ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയുടേയും വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. പള്ളി സമുച്ചയത്തിൽ കാർബൺ ഡേറ്റിംഗ് നടത്താൻ കഴിയില്ലെന്നും ഇത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നുമാണ് മസ്ജിദ് കമ്മിറ്റി ഒടുവിൽ വാദിച്ചത്. ഇതേതുടർന്നാണ് ജില്ലാ ജഡ്ജി എ.കെ.വിശേഷ് ഹർജി തള്ളിയത്.

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിലെ പള്ളിക്കുളത്തിൽ ശിവലിംഗം കണ്ടെത്തിയതായി കോടതി നിർദേശപ്രകാരം സർവേ നടത്തിയ ഒരു കൂട്ടം അഭിഭാഷകർ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് ശിവലിംഗമല്ലെന്നും നീരുറവയുടെ ഭാഗമാണെന്നും മസ്ജിദ് കമ്മിറ്റി പറഞ്ഞു. ഇതിന് പിന്നാലെയാണ് ശിവലിംഗത്തിൽ പൂജ നടത്താൻ അനുമതി നൽകണമെന്നും കാലപ്പഴക്കം കണക്കാക്കാൻ കാർബൺ ഡേറ്റിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം കോടതിയിൽ ഹർജി നൽകിയത്.