അഭിരാമിയുടെ ചികിത്സയിൽ പിഴവില്ല; വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചുവെന്ന് കെജിഎംഒഎ

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിയുടെ മരണത്തിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേരള മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). കണ്ണിന് സമീപത്തെ മുറിവിലൂടെയാണ് വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചത്. മരുന്ന് പ്രവർത്തിക്കാൻ തുടങ്ങുന്നതിന് മുമ്പ് വൈറസ് ബാധിച്ചിരിക്കാമെന്ന് കെജിഎംഒഎ പറഞ്ഞു.

പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീന ഭവനിൽ അഭിരാമി(12) ആണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയാണ് അഭിരാമിയുടെ ജീവനെടുത്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്നും എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണെന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ തങ്ങളെ ഗൗരവമായി എടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.