ബഫര്‍ സോണ്‍ പദ്ധതി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത പാർക്കുകൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ‍ നിർബന്ധമാക്കിയ വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിധി നടപ്പാക്കുമ്പോൾ ഓരോ സ്ഥലത്തിന്‍റെയും യഥാർത്ഥ സാഹചര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന് എല്ലാവർക്കും ഒരേ അഭിപ്രായമാണ്. എന്നാൽ അതിന്‍റെ പേരിൽ വികസന പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവയ്ക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത പാർക്കുകൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിൽ ഇളവ് തേടി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. നഗരങ്ങൾക്കുള്ളിൽ വനങ്ങളായി വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളുണ്ട്. ഈ മേഖലകളിൽ സുപ്രീം കോടതി വിധി നടപ്പാക്കിയാൽ അത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെ ജയ്പൂർ നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള വഴിയിൽ ഒരു സംരക്ഷിത വനപ്രദേശമുണ്ട്. ഇവിടെ ബഫർ സോൺ വിധി ശക്തമായി നടപ്പാക്കിയാൽ റോഡ് പൊളിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ബഫർ സോൺ വിജ്ഞാപനത്തിന്‍റെ പരിധിയിൽ നിന്ന് ചില വനമേഖലകളെ ഒഴിവാക്കാമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അമിക്കസ് ക്യുറി കെ പരമേശ്വറുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്ന് മേത്ത കോടതിയെ അറിയിച്ചു. ബഫർ സോൺ വിധിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.