ഗവർണർ പദവിയിൽ പുനർവിചിന്തനം വേണം; നിലപാടിലുറച്ച് സിപിഐ സംസ്ഥാന സമ്മേളനം
തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ ഗവർണർ പദവി വിവാദം പുനഃപരിശോധിക്കണമെന്ന് സിപിഐ നിലപാട് ആവർത്തിച്ചു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ മാറ്റമുണ്ടാകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ സംസ്ഥാന സമ്മേളനം പ്രമേയം പാസാക്കി. അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
അതേസമയം, വി.സിയുടെ സെലക്ഷൻ കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിയമിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന ഗവർണറുടെ മുന്നറിയിപ്പിനെ തുടർന്ന് കേരള സർവകലാശാല സെനറ്റ് യോഗം ചേരും. 11 ദിവസത്തിനകം പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തില്ലെങ്കിൽ വിസിക്കെതിരെ നടപടിയെടുക്കുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നും ഗവർണർ ഭീഷണി മുഴക്കിയിരുന്നു. യോഗത്തിന് തീയതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്ന കാര്യത്തിൽ സർവകലാശാല ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സെനറ്റ് തീരുമാനപ്രകാരം തുടർനടപടികൾ സ്വീകരിക്കാനാണ് രാജ്ഭവന്‍റെ നീക്കം.
ഗവർണറുടെ നിർദ്ദേശപ്രകാരം ജൂലൈ 15ന് ചേർന്ന കേരള സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ തിരഞ്ഞെടുത്തെങ്കിലും പിന്നീട് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. 11ന് ചേരുന്ന സെനറ്റ് യോഗമാണ് പകരക്കാരനെ തിരഞ്ഞെടുക്കുക. രാഷ്ട്രീയ കാരണങ്ങളാൽ പേര് നിർദ്ദേശിക്കാൻ ഇടതുപക്ഷ അംഗങ്ങൾ തയ്യാറായില്ലെങ്കിൽ യുഡിഎഫ് അംഗങ്ങൾ നിർദ്ദേശിക്കുന്ന അംഗത്തെ വി.സി സെനറ്റ് പ്രതിനിധിയായി അംഗീകരിക്കേണ്ടിവരും.